പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്

പുതിയ നിയമത്തിലെ ആത്മീയതയുടെ അന്തഃസത്ത പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കാതെ ജീവിക്കുകയാണ്.

പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്

പുതിയ നിയമത്തിലെ ആത്മീയ ജീവിതത്തെ ഒരു വാക്യത്തിൽ സംഗ്രഹിച്ചാൽ, എഫെസ്യർ 4:30 ൽ നമുക്ക് അത് വായിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അതായത്, "ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്." പ്രായോഗിക തലത്തിൽ പരിശുദ്ധാത്മാവിനെ യോഗ്യനും മഹത്വമുള്ളവനുമായി കണക്കാക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവനെ വിലയേറിയവനായി എണ്ണി  അവനെ ദുഃഖിപ്പിക്കാതെ നമുക്ക് ജീവിക്കാം. ഈ തത്ത്വത്തിൽ ജീവിച്ചാൽ മാത്രമേ നമുക്ക് യഥാർത്ഥ ആത്മീയ ജീവിതം നയിക്കുവാൻ കഴിയൂ. ഈ വാക്യം നമുക്ക് വിശദമായി ധ്യാനിക്കാം.

I. പരിശുദ്ധാത്മാവിന്റെ സ്നേഹം അറിയുക (v.30)

നമ്മുടെ ക്രിസ്ത്യൻ സഭകളിലെ വിശ്വാസികൾക്കിടയിൽ, നമ്മൾ പലപ്പോഴും പിതാവിന്റെ സ്നേഹത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. നമ്മുടെ പാപങ്ങൾക്കുവേണ്ടി അവൻ തന്റെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ ബലിയർപ്പിച്ചു എന്ന വസ്തുതയെക്കുറിച്ച് നമ്മൾ സംസാരിക്കാറുണ്ട്. യേശുവിന് നമ്മോടുള്ള സ്നേഹം നിമിത്തം നമുക്കുവേണ്ടി അവൻ മനസ്സോടെ മരിച്ചു എന്നും നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ പരിശുദ്ധാത്മാവിന്റെ സ്നേഹം നാം പലപ്പോഴും ഓർക്കുന്നില്ല. ഈ വാക്യത്തെ ഒരു കൽപ്പനയായി നാം കാണുന്നുവെങ്കിലും, ആത്മാവും നമ്മളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവവും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ വാക്യത്തിലെ "ദുഃഖം" എന്ന പദം ഒരാളെ ദുഃഖിപ്പിക്കുക അല്ലെങ്കിൽ വിഷമിപ്പിക്കുക എന്നതിനെ സൂചിപ്പിക്കുന്നു. നിങ്ങളെ സ്നേഹിക്കുന്ന ഒരാളെ മാത്രമേ നിങ്ങൾക്ക് ഈ രീതിയിൽ സങ്കടപ്പെടുത്താൻ കഴിയൂ. നാം പാപം ചെയ്യുമ്പോൾ ആത്മാവ് ദുഃഖിക്കുന്നു എന്ന വസ്തുതയിൽ നിന്ന് അവൻ നമ്മെ സ്നേഹിക്കുന്നു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ ആത്മാവിന്റെ സ്നേഹം നിങ്ങൾക്കറിയാമോ?

ഇത് കൂടുതൽ മനസ്സിലാക്കാൻ, തിരുവെഴുത്തുകൾ അനുസരിച്ച് ആത്മാവ് നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നമുക്ക് നോക്കാം. ആത്മാവാണ് നിങ്ങളെ വീണ്ടും ജനിപ്പിക്കുന്നത് (യോഹന്നാൻ 3:5; 1കൊരി. 12:3; തീത്തോസ് 3:5) നിങ്ങൾ കർത്താവിന്റെ ശിശുവാണെന്ന് ഉറപ്പുനൽകുന്നത് (ഗലാ. 4:6; റോമ. 5:5, 8 :: 15- 16), നിങ്ങൾക്കായി മധ്യസ്ഥ്യം വഹിക്കുന്നത് (റോമർ 8:26), നിങ്ങളെ കർത്താവിൽ നയിക്കുന്നന്നത് (റോമ. 8:14; യോഹന്നാൻ 16:13; പ്രവൃത്തികൾ 16: 6), നിങ്ങളെ വിശുദ്ധീകരിക്കുന്നവത്, പിതാവിന്റെയും പുത്രന്റെയും മഹത്വത്തിനായി ഫലം പുറപ്പെടുവിക്കുന്നത് (2 കൊരിന്ത്യർ 3:18); 1 തെസ്സ. 4: 7-8; യോഹന്നാൻ 16:14) ക്രിസ്തുവിന്റെ വരവിൽ നിങ്ങളുടെ ശരീരത്തിന്റെ പുനരുത്ഥാനം നൽകുന്നത് (റോമർ 8:11), അവൻ നമ്മുടെ നിത്യജീവന്റെ സുരക്ഷിതത്വവും ഉറപ്പും നൽകുന്നത് (എഫേ. 1:13-14,4:30). പൗലോസ് നമ്മുടെ കുറിവാക്യം എഴുതുമ്പോൾ, കർത്താവ് നമ്മെ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു എന്ന് പറയുന്നു. ആത്മാവിനാൽ മുദ്രയിട്ടിരിക്കുന്നത് കർത്താവിന് നമ്മുടെ മേൽ ഉള്ള അവകാശമാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ഐഡന്റിറ്റിയും സുരക്ഷയും അത് സൂചിപ്പിക്കുന്നു. ഈ സ്നേഹത്തിന് മറുപടിയായി അവനെ സങ്കടപ്പെടുത്താതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അവനെ വിലയേറിയവനായി കണക്കാക്കിയാൽ മാത്രമേ അവന്റെ കൽപ്പനകൾ അനുസരിക്കാൻ നാം ശ്രദ്ധിക്കൂ. അതിന് നാം ആദ്യം ആത്മാവിന്റെ സ്നേഹം അറിയണം. അവന്റെ സ്നേഹം അറിയുമ്പോൾ നമുക്ക് അവനെ ദുഃഖിപ്പിക്കാതെ ആത്മാവിനോടൊപ്പം ജീവിക്കാം.

II. അന്യോന്യമുള്ള പാപങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുക (v.31)

അടുത്ത വാക്യത്തിൽ, പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാതിരിക്കാൻ നാം ഒഴിവാക്കേണ്ട ആറ് തിന്മകളെക്കുറിച്ച് പൗലോസ് പരാമർശിക്കുന്നു. വാക്യത്തിന്റെ തുടക്കത്തിലും അവസാനത്തിലും "എല്ലാ", "സകല" എന്നീ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് എല്ലാ തരം കയ്പും കോപവും ക്രോധവും കുറ്റാരവും ദൂഷണവും ദുഷ്ടതയും നാം ഒഴിഞ്ഞു മാറേണമെന്നു അപ്പോസ്തലൻ പഠിപ്പിക്കുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനെ നാം ഒരു തരത്തിലും ന്യായീകരിക്കരുത്. കാരണം ഇവ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നു. സത്യം പറഞ്ഞാൽ, ആത്മാവിനാൽ നയിക്കപ്പെടാത്തവരിൽ ഈ ഗുണങ്ങൾ അന്തർലീനമാണ്. എന്നാൽ നിങ്ങൾ വീണ്ടെടുക്കപ്പെടുകയും ആത്മാവ് നിങ്ങളിൽ വസിക്കുകയും ചെയ്യുന്നുവെങ്കിൽ, 'ഞാൻ ഒരു സാധാരണ മനുഷ്യനാ'ണെന്ന് ഒഴികഴിവ് പറയാതെ ഈ പാപങ്ങൾ ഉപേക്ഷിക്കുക. അവ അകത്തെ ഹൃദയത്തിൽനിന്നും പുറത്തെ വായിലെ വാക്കുകളിൽനിന്നും നീക്കം ചെയ്യണം. കാരണം ഇവ രണ്ടും ആത്മാവിനെ ദുഃഖിപ്പിക്കുന്നു.

ഈ ആറ് കാര്യങ്ങൾ വിശദമായി നമുക്ക് നോക്കാം -

എല്ലാത്തരം കയ്പും വിട്ട് മാറുക

കയ്പ്പ് എന്നത് അനുരഞ്ജനത്തിന് തയ്യാറല്ലാത്ത ദീർഘകാല വിദ്വേഷത്തെ സൂചിപ്പിക്കുന്നു. "മൂർച്ചയുള്ളതോ കൂർത്തതോ ആയ" അമ്പുകളെ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു ഗ്രീക്ക് പദമാണ് ഇവിടെ മൂലഭാഷയിൽ ഉപയോഗിച്ചിട്ടുള്ളത്. സ്ഫോടനാത്മകമായ പിക്രിക് ആസിഡിന് ആ പേര് ഇതേ ഗ്രീക്ക് പദത്തിൽ നിന്നാണ് വന്നത്. ആലങ്കാരികമായി പറഞ്ഞാൽ, യഥാർത്ഥമായതോ തോന്നിയതോ ആയ വേദനയെക്കുറിച്ച് നിരന്തരം ചിന്തിക്കാനും കോപം വളർത്താനുമുള്ള പ്രവണതയെ ഇത് സൂചിപ്പിക്കുന്നു. കയ്പ്പ് ദയയുടെയും സൽസ്വഭാവത്തിന്റെയും വിപരീതമാണ്. അതിനാൽ ഈ ക്ഷമിക്കാൻ മനസ്സില്ലാത്ത കൈപ്പിന്റെ ആത്മാവ് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കും എന്ന് കർത്താവ് അരുളിച്ചെയ്യുന്നു. നമുക്ക്   നമ്മുടെ ഹൃദയത്തോട് ചോദിക്കാം: നമുക്ക് ആരോടെങ്കിലും കയ്പും വെറുപ്പും ഉണ്ടോ? പ്രിയപ്പെട്ട സഭയെ, കയ്പ്പിനു ആത്മാവിനെ ദുഃഖിപ്പിക്കാനും നമ്മിൽ നിന്ന് അവനെ അകറ്റാനും കഴിയുമെന്ന് നമുക്ക് തിരിച്ചറിയാം.

എല്ലാ കോപവും ക്രോധവും കുറ്റാരവും ഉപേക്ഷിക്കുക

ഇവിടെ കോപം എന്നത് പ്രക്ഷുബ്ധമായ വിട്ടുവീഴ്ചയില്ലാത്ത ഒരു ദേഷ്യത്തെ സൂചിപ്പിക്കുന്നു. ഇത് മുഴുവൻ മനുഷ്യനെയും പിടികൂടുന്ന ശക്തമായ ഒരു അമർഷമാണ്. അത് പെട്ടെന്ന് കത്തുകയും പെട്ടെന്ന് ശമിക്കുകയും ചെയ്യുന്നു. ഗ്രീക്കുകാർ അതിനെ വൈക്കോൽ കൊണ്ടുണ്ടാക്കിയ തീയോട് ഉപമിച്ചു കാരണം അത് പെട്ടെന്ന് കത്തുകയും പെട്ടെന്ന് കെടുകയും ചെയ്യുന്നു. ലൂക്കോസ് നാലാം അധ്യായത്തിൽ, യേശുവിനെ മലയിൽ നിന്ന് എറിയാൻ ശ്രമിച്ചപ്പോൾ രോഷാകുലരായ നസ്രത്തിലെ യഹൂദന്മാരെ ലൂക്കോസ് ഈ പദം ഉപയോഗിച്ചു പരാമർശിക്കുന്നത് കാണാം. അതുപോലെ, ലൂക്കോസ് വീണ്ടും അപ്പോസ്തല പ്രവൃത്തികൾ പത്തൊമ്പതാം അധ്യായത്തിൽ, തങ്ങളുടെ വിഗ്രഹങ്ങൾ ദൈവങ്ങളല്ല എന്ന പൗലോസിന്റെ പ്രസംഗത്തിനെതിരായ എഫെസ്യരുടെ രോഷം വിവരിക്കുന്നതും ഇതെ പദം കൊണ്ട് തന്നെയാണ്. മോശയ്‌ക്കെതിരായ ഫറവോന്റെ ക്രോധത്തെ വിവരിക്കാൻ എബ്രായർ 11:27-ൽ എബ്രായരുടെ രചയിതാവും ഇതെ പദം ഉപയോഗിച്ചിരിക്കുന്നു. കൊലപാതക ഉദ്ദേശമുള്ള ദേഷ്യമാണ് ഈ മൂന്ന് വേദഭാഗത്തും നാം കാണുന്നതെന്നു പ്രത്യേകം ശ്രദ്ധിക്കുക.

മറുവശത്ത്, ക്രോധം എന്നത് മൂലഭാഷയിൽ നമ്മുടെ ഉള്ളിൽ സ്ഥിരമായി ജ്വലിക്കുന്ന ഒരു സൂക്ഷ്മമായ വിദ്വേഷത്തെ സൂചിപ്പിക്കുന്നു. ഇത് പെട്ടെന്നുള്ള പ്രകോപനമല്ല, മറിച്ച് ആരോടെങ്കിലും വളരെക്കാലമായി ശീലമായ ദേഷ്യമാണ്. മൂലഭാഷയിൽ കർത്താവ് തന്റെ വിശുദ്ധിയിൽ പാപത്തെ വെറുക്കുന്നു എന്ന് വിവരിക്കാൻ ഉപയോഗിക്കുന്ന വാക്ക് ഇതാണ്. അതായത് മൂലഭാഷയിൽ ദൈവക്രോധത്തെ വിശേഷിപ്പിക്കാൻ തിരുവെഴുത്തുകൾ ഉപയോഗിക്കുന്ന പദമാണിത്. എന്നാൽ യാക്കോബ് 1:19-ൽ കോപത്തിന് സാവധാനമുള്ളവരായിരിക്കാൻ കല്പിക്കുമ്പോൾ  ഈ പദം മനുഷ്യനിലെ പാപമയമായ ക്രോധത്തെയും സൂചിപ്പിക്കുന്നു. അവസാനമായി, മറ്റുള്ളവരുമായി വഴക്കിട്ടും തർക്കിച്ചും ശബ്ദമുയർത്തിയും നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കുന്ന അലർച്ചയാണ് കുറ്റാരവം.

അതിനാൽ നമ്മുടെ ഉള്ളിലുള്ള ഈ മൂന്ന് ദേഷ്യവും – സ്ഫോടനാത്മകമായ കോപം, ശീലമായ വിദ്വേഷം, ആത്മാവിനെ ദുഃഖിപ്പിക്കുന്ന കോപത്തിന്റെ പൊട്ടിത്തെറി – എന്നിവയിൽ നിന്ന് മുക്തി നേടാൻ കർത്താവ് നമ്മോട് കൽപ്പിക്കുന്നു. വീട്ടിലായിരിക്കുമ്പോൾ നമ്മൾ പലപ്പോഴും ദേഷ്യം പ്രകടിപ്പിക്കാറുണ്ട്, കാരണം അത് നമ്മുടെ വീട്ടുകാർ സഹിക്കുമെന്ന് നാം ചിന്തിക്കുന്നു. പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ വീണ്ടെടുപ്പിനായി മുദ്രയിട്ടിരിക്കുന്ന പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്ന ദുഷ്പ്രവണതയായി ആണോ നിങ്ങൾ നിങ്ങളുടെ കോപത്തെ വീക്ഷിക്കുന്നത്?

എല്ലാത്തരം ദൂഷണവും ദുർഗുണവും ഒഴിവാക്കുക

എല്ലാ ദൂഷണവും അപകീർത്തികരമായ സംസാരമാണ്. അത്തരം സംസാരം മറ്റുള്ളവരുടെ ക്ഷേമത്തിന് ഹാനികരമാണ്. മറ്റുള്ളവരെ വേദനിപ്പിക്കുക, അവരുടെ പ്രശസ്തിക്ക് കളങ്കം വരുത്തുക, അവരെ തരംതാഴ്ത്തുക എന്നിവയാണ് ഇത്തരം സംസാരങ്ങളുടെയെല്ലാം ലക്ഷ്യം. നേരിട്ട് അപവാദം പറയുകയോ അല്ല ഒരാളെ പരോക്ഷമായി ആക്രമിക്കുകയും അവരെക്കുറിച്ചുള്ള ദോഷകരമായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന  ഗോസിപ്പിലൂടെയോ നമുക്ക് ദൂഷണത്തിൽ ഏർപ്പെടാം. ഒരു ഭക്തൻ പറഞ്ഞതു പോലെ , "നിങ്ങൾക്ക് ഒരാളെക്കുറിച്ച് നല്ലതായി ഒന്നും പറയാനില്ലെങ്കിൽ, അവരെക്കുറിച്ച് ഒന്നും പറയാതിരിക്കുക." അതുകൊണ്ട് എല്ലാ അപവാദങ്ങളും ദൂഷണവും ഉപേക്ഷിക്കുക.

മേൽപ്പറഞ്ഞ എല്ലാ ദോഷങ്ങളോടും കൂടി, വേരായ എല്ലാ തിന്മകളും ഉപേക്ഷിക്കുക. "ദുർഗുണം" എന്നത് മറ്റുള്ളവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്ന ദുഷിച്ച മനോഭാവത്തെ സൂചിപ്പിക്കുന്നു. നിങ്ങൾ ബോധപൂർവം മറ്റുള്ളവരെ വേദനിപ്പിക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ അവരെ ദ്രോഹിക്കുന്നു. വീണ്ടും ജനിക്കാത്ത ജഡത്തിൽ ജീവിക്കുന്നതിന്റെ അന്തഃസത്താണത്. 1 കൊരി. 5:7-8-ൽ നാം കാണുന്നതുപോലെ, "തിന്മയും" "ദുഷ്ടതയും" പഴയ പുളിമാവിനെ സൂചിപ്പിക്കുന്നു.

ജഡത്തിന്റെ അഴുക്കുചാലിനെ പ്രതിനിധീകരിക്കുന്ന ഈ ആറ് തിന്മകളെ എല്ലാം നാം എന്താണ് ചെയേണ്ടത്? അവ നീക്കം ചെയ്യുക അല്ലെങ്കിൽ  ഉപേക്ഷിക്കുക എന്നതാണ് ദൈവത്തിന്റെ കല്പന. ആത്മാവിന്റെ ശക്തിയാൽ നാം ഈ കല്പന അനുസരിക്കണം എന്നതാണ് അഭിലഷണീയമായ വശം. "കർത്താവ് അത് നീക്കിക്കളയേണം" എന്ന് പ്രാർത്ഥിക്കാൻ അല്ല നമ്മോട് കൽപ്പിച്ചത്. പകരം, ഉത്തരവാദിത്തബോധത്തോടെ ദൈവഹിതത്തിന് വിധേയപ്പെട്ടു ഉപേക്ഷിക്കുക എന്നാണ്. ഈ വാക്യത്തിന്റെ  വ്യാകരണം ശ്രദ്ധിച്ചാൽ ഇവിടെ "ഒഴിവാകട്ടെ" അല്ലെങ്കിൽ "നീക്കം ചെയ്യട്ടെ" എന്നാണ്  അർത്ഥം. അതിനാൽ ഇവിടെ ഒരു അടിയന്തിരത അല്ലെങ്കിൽ ഒരു തിടുക്കം നമുക്ക് കാണാൻ കഴിയും. ഈ തിന്മകളെ എത്രയും പെട്ടെന്ന് അല്ലെങ്കിൽ ഉടൻ വിട്ട് മാറുക കാരണം പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുവാൻ നിങ്ങൾ ആഗ്രഹിക്കരുത്.

III. പരസ്‌പരം സ്‌നേഹത്തോടെ നടക്കുക (v. 32)

മേൽപ്പറഞ്ഞ തിന്മകൾ ഉപേക്ഷിച്ച്‌ പകരം പുതിയ മനുഷ്യനെ ധരിച്ചുകൊണ്ട് നമുക്ക് ആത്മാവിനെ പ്രസാദിപ്പിക്കാൻ കഴിയും. എഫെസ്യർ 5:2 ൽ പൗലോസ് പറയുന്നതുപോലെ നമുക്ക് സ്നേഹത്തിൽ നടക്കാം.

ഒന്നാമതായി, നാം പരസ്പരം ദയയുള്ളവരായിരിക്കണം. അനുകമ്പ സൗമ്യവും ഹൃദ്യവും സഹായകവുമായ ഒരു മനോഭാവമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ മറ്റുള്ളവരുടെ നന്മയും പ്രയോജനവും ആഗ്രഹിക്കുന്ന ഒരു നല്ല വ്യക്തിയാണ്. ഇതാണ് നിങ്ങളുടെ സംസാരത്തിന്റെയും പ്രവർത്തനത്തിന്റെയും സവിശേഷത. ഇതിനെ ചിലപ്പോൾ "നന്മ" എന്ന് വിളിക്കാം. ഈ മനോഭാവം ആത്മാവിനെ പ്രസാദിപ്പിക്കുന്നു. നിങ്ങളുടെ സഭയിൽ ഉള്ളവർ നിങ്ങളെ കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുമോ, നിങ്ങൾ കരുണയുള്ളവനാണെന്നും വാക്കും നിങ്ങളുടെ സകല പ്രവൃത്തിയും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയാണെന്നും?

രണ്ടാമതായി, നാം പരസ്‌പരം മനസ്സലിവോടെ പെരുമാറണം. മനസ്സലിവ് എന്നാൽ അതിന്റെ അർത്ഥം സ്നേഹവും അനുകമ്പയും വളരെ പെട്ടെന്ന് ഉണരുന്ന ഒരു ഹൃദയമെന്നാണ്. നാം അവിശ്വാസികളെപ്പോലെ കഠിനഹൃദയന്മാരായല്ല (എഫേസ്യർ 4:18), വിശ്വാസികളെപ്പോലെ ആർദ്രഹൃദയരായാണ് പെരുമാറേണ്ടത്. മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിക്കുക മാത്രമല്ല, അതിനു പിന്നിൽ മനസ്സലിവും കരുതലും ഉള്ള ഒരു ഹൃദയവും ഉണ്ടായിരിക്കണം. അങ്ങനെ ക്രിസ്തുവിൽ അന്യോന്യം ആർദ്രതയോടെ കരുതുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സഭയിലെ സഹോദരങ്ങളുമായുള്ള ബന്ധത്തിൽ അഗാധമായ അനുകമ്പയും അലിവും നിങ്ങളുടെ ഹൃദയത്തിൽ അനുഭവിക്കുന്നുണ്ടോ? ഇപ്രകാരം മനസ്സലിവുള്ളവരായിരിക്കാൻ ദൈവം നമ്മെ വിളിക്കുന്നു.

മൂന്നാമതായി, പരസ്‌പരം ക്ഷമിക്കാൻ അവൻ നമ്മെ വിളിക്കുന്നു. മറ്റുള്ളവർ നമുക്കെതിരെ പ്രവർത്തിക്കുമ്പോൾ നമ്മൾ പരസ്‌പരം പൊറുക്കണം. നാം മറ്റുള്ളവരുടെ പാപങ്ങൾ ക്ഷമിക്കുകയും നമ്മുടെ ഹൃദയത്തിൽ കയ്പേറിയത് ഒഴിവാക്കുകയും വേണം. ഇതാണ് ആത്മാവിനെ പ്രസാദിപ്പിക്കുന്നത്. ക്രിസ്തുയേശുവിൽ ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നു എന്ന സുവിശേഷമാണ് നമുക്ക് മറ്റുള്ളവരുടെ പാപം പൊറുക്കുവാനുള്ള പ്രേരണ. ദൈവം ക്രിസ്തുയേശുവിൽ നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിച്ചിരിക്കുന്നു. അങ്ങനെ നാമും മറ്റുള്ളവരുടെ എല്ലാ പാപങ്ങളും ക്ഷമിക്കുമോ? നാം ന്യായവിധിക്ക് അർഹരാണെങ്കിലും ദൈവം നമ്മോട് ഈ ഇത്രയധികം ക്ഷമിച്ചിരിക്കുന്നു. ഇങ്ങനെ യോഗ്യരല്ലാത്തവരോട് നാമും ക്ഷമിക്കുമോ? നമ്മുടെ സ്ഥാനത്ത് തന്റെ സ്വന്തം പുത്രനെ ക്രൂശിൽ മരിക്കാൻ ഇടയാക്കി ദൈവം അത് നിറവേറ്റി. നാമും വില കൊടുത്ത്‌ കുരിശ് എടുത്ത് നമ്മുടെ സ്വയത്തെ ത്യജിച്ചു മറ്റുള്ളവരുടെ പാപം പൊറുക്കുമോ?

അങ്ങനെ, "ഇത് ചെയ്യൂ, അത് ചെയ്യരുത്" എന്ന സദാചാരമോ, ഭയവും ഭീഷണിയും കുറ്റബോധവും ഉളവാക്കുന്ന നിയമവാദമോ അല്ല പൗലോസ് ഇവിടെ നമ്മെ പഠിപ്പിക്കുന്നത്. പകരം, സുവിശേഷത്തിലൂടെ ദൈവത്തിന്റെ കൃപയും സ്നേഹവും വെളിപ്പെടുത്തി അതുവഴി അനുസരണത്തിലേക്ക് നമ്മെ അവൻ ക്ഷണിക്കുന്നു.  നാം ദയയുള്ളവരാണ് കാരണം, പത്രോസ് പറയുന്നതുപോലെ, നാം കർത്താവിന്റെ ദയ ആസ്വദിച്ചു (1 പത്രോസ് 2: 3). നമുക്ക് മനസ്സലിവുള്ള ഒരു ഹൃദയമുണ്ട് കാരണം യാക്കോബ് പറയുന്നതുപോലെ കർത്താവ് കരുണയും മനസ്സലിവുള്ളവനുമാണ് ( യാക്കോബ് 5:11). എഫെസ്യർ 4:32-ൽ പൗലോസ് എഴുതുന്നതുപോലെ, ദൈവം നമ്മോട് കരുണയുള്ളവനും ക്ഷമിക്കുന്നവനുമാകുന്നു അതിനാൽ നാമും മറ്റുള്ളവരോട് ക്ഷമിക്കുകയും ചെയ്യുന്നു. ദൈവകൃപ നാം ആസ്വദിച്ചതിനാൽ നാം അതേ കൃപ മറ്റുള്ളവർക്കും നൽകുന്നു.

ഉപസംഹാരം

ഒരു വിശുദ്ധ ജീവിതം നേടുന്നതിനുള്ള പ്രധാന മാർഗമായി ആത്മാവിന്റെ സ്നേഹം തിരിച്ചറിയുക എന്ന് പറഞ്ഞുകൊണ്ട്  നാം ആരംഭിച്ചു. നാം അവസാനിച്ചതോ അതെ ദൈവത്തിന്റെ സ്നേഹത്തെ അന്യോന്യമുള്ള ബന്ധത്തിൽ  അനുകരിച്ചും അനുഗമിച്ചും നടക്കേണമെന്നും കണ്ടു. ആത്മീയതയിൽ ആദ്യവും അന്ത്യവും ദൈവസ്നേഹമാണ്. പ്രിയ ദൈവസഭയെ, നിങ്ങളിൽ വസിക്കുന്ന വിലയേറിയ ആത്മാവിനെ നിങ്ങൾ ബഹുമാനിക്കുകയും പ്രസാദിക്കുകയും ചെയ്യുമോ? പരസ്പരമുള്ള എല്ലാ ബന്ധങ്ങളിലും അവനെ ദുഃഖിപ്പിക്കാതിരിക്കുക എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. നമുക്ക് കയ്പ്പ്, കോപം, ക്രോധം, കുറ്റാരവം, പരദൂഷണം, ദുഷ്ടത മുതലായ എല്ലാ ദോഷങ്ങളും നീക്കി, സ്നേഹത്തിൽ നടക്കുകയും, പരസ്പരം കരുണയും ക്ഷമയും കാണിക്കുകയും ചെയ്യാം. കാരണം ദൈവം യേശുക്രിസ്തുവിലൂടെ നമ്മോട് കരുണ കാണിച്ചിരിക്കുന്നു. അതിനാൽ നമുക്ക് അന്യോന്യം ക്ഷമിക്കാം, ക്ഷമിക്കപ്പെടേണ്ട ഇടങ്ങളിലെല്ലാം കയ്പ്പ് നീക്കം ചെയ്യാം. അന്യോന്യം നമുക്ക് ക്ഷമ ചോദിക്കുകയും ചെയ്യാം. നമുക്ക് പരസ്പരം ഉള്ള കൂട്ടായ്മയിൽ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാതിരിക്കാൻ കർത്താവ് നമ്മെ സഹായിക്കണമെന്ന് ദിവസവും പ്രാർത്ഥിക്കുന്നത് ഒരു ശീലവുമാക്കാം. അങ്ങനെ നമ്മെ സഹായിക്കുവാൻ ദൈവം പ്രസാദിക്കട്ടെ, ആമേൻ.