1. വചന പഠനത്തിനുള്ള മുൻവ്യവസ്ഥകൾ | ആദ്യപാഠങ്ങൾ

വചന പഠനത്തിനു മുന്നോടിയായി നമ്മുടെ ആത്മീയ ഒരുക്കത്തെ സൂചിപ്പിക്കുന്ന മൂന്ന് ക്രമീകരണങ്ങൾ.

1. വചന പഠനത്തിനുള്ള മുൻവ്യവസ്ഥകൾ | ആദ്യപാഠങ്ങൾ
PDF

ആമുഖം

പുതുവിശ്വാസികൾക്കുള്ള ഈ പഠന പരമ്പരയുടെ ആരംഭത്തിൽ തന്നെ വചനം പഠിക്കുവാനുള്ള ആത്മീയ ഒരുക്കത്തെ കുറിച്ച് പറയട്ടെ. ദൈവ വചന പഠനത്തിനായി നാം കടന്നു വരുമ്പോൾ അതിനു മുന്നോടിയായി നാം ചെയേണ്ട ക്രമീകരണങ്ങളെ കുറിച്ച് ദൈവ വചനം പറയുന്ന മൂന്ന് കാര്യങ്ങൾ നമുക്ക് ആദ്യം ധ്യാനിക്കാം.

ഇതിൽ ആദ്യത്തെ രണ്ടെണ്ണം ദൈവവും നാമും തമ്മിലുള്ള ബന്ധത്തെയും അവസാനത്തേത് കൂട്ടുവിശ്വാസികളും നാമും തമ്മിലുള്ള ബന്ധത്തെയുമാണ് പ്രതിപാദിക്കുന്നത്. 

ഈ മുൻവ്യവസ്ഥകൾ നാം പാലിക്കാതെ വചനം പഠിച്ചാൽ അത് ശരിയായ ആത്മീയ വളർച്ച സമ്മാനിക്കുകയില്ല എന്ന് മാത്രമല്ല വളരെ അധികം ആത്മീയ ചതിക്കുഴികളിൽ നാം വീഴുവാനും അത് കാരണമാകും. അത് കൊണ്ട് ഇത് വളരെ ഗൗരവത്തോടെ നാം സമീപിക്കേണ്ട ഒരു വിഷയമാണെന്ന് ഓർക്കുക.

ദൈവവും ഞാനുമായുള്ള ബന്ധം

സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്ക്യയിൽഎത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞു. അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു. അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു. അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു. അവൻ ശൌലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി” പ്രവൃത്തികൾ 11:19-26. 

അപ്പൊസ്തല പ്രവർത്തികൾ എന്ന പുസ്തകം ആദ്യ സഭയുടെ ചരിത്രമാണ്. സഭയുടെ സുവിശേഷികരണ ശുശ്രൂഷയിൽ സ്തെഫാനൊസ് എന്ന ആദ്യ രക്തസാക്ഷിയെ യെരൂശലേമിൽ വച്ച് സഭക്ക് ലഭിച്ചു. അത് നിമിത്തം ഉണ്ടായ ഉപദ്രവം കാരണം യെരൂശലേമിൽ നിന്ന് ചിതറിപ്പോയവർ ആദ്യം യഹൂദന്മാരോട് മാത്രവും പിന്നീട് വിജാതീയരോടും സുവിശേഷം അറിയിച്ചതായി നാം ഇവിടെ വായിക്കുന്നു. 

അങ്ങനെ പുതുവിശ്വാസികളായ അന്ത്യൊക്ക്യയിലെ സഭയോട് അപ്പോസ്തലന്മാർ യെരൂശലേമിൽ നിന്ന് അയച്ച ബർന്നബാസെന്ന ദൈവദാസൻ നൽകിയ പ്രബോധനമാണ് നാം ഒന്നാമതായി ധ്യാനിക്കുന്നത് – “എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു” (പ്രവൃത്തികൾ 11:23).

“ഹൃദയനിർണയത്തോടെ" എന്ന് പറഞ്ഞു കഴിഞ്ഞാൽ ഹൃദയത്തിനകത്തൊരു തീരുമാനമെടുക്കണം എന്നാണ് അതിനർത്ഥം. “നിർണയം” എന്ന് ഉപയോഗിച്ചിരിക്കുന്ന വാക്കിന്റെ അവിടുത്തെ അർത്ഥം ‘ഉദ്ദേശ്യം’ എന്നാണ്. എന്തായിരിക്കണം പുതുവിശ്വാസികൾ ഹൃദയത്തിൽ നിന്ന് എടുക്കേണ്ട ആ തീരുമാനവും ഉദ്ദേശ്യവും? എപ്പോഴും കർത്താവിനോട് ചേർന്നുനിൽക്കണം അഥവാ എപ്പോഴും കർത്താവിനോട് പറ്റിച്ചേർന്നിരിക്കണം എന്ന ലക്ഷ്യത്തോടെ ഹൃദയത്തിൽ ഉറച്ചിരിക്കണം. ഇതാണ് വിശ്വാസത്തിലേക്ക് കടന്നുവന്നവരോടുള്ള ദൈവത്തിന്റെ ഒന്നാമത്തെ ആലോചന. “ചേർന്ന് നിൽക്കുക” എന്ന് ഇവിടെ പറഞ്ഞിരിക്കുന്ന വാക്കിന്റെ മൂലഭാഷയിലെ അർത്ഥം ‘നിരന്തരമായി വസിക്കുക’യെന്നാണ്. അത് കൊണ്ട് വിശ്വാസത്തിൽ ആദ്യമായി കടന്നു വന്നവർ കർത്താവിൽ നിരന്തരമായി വസിക്കുവാൻ പൂർണ്ണ ഹൃദയത്തോടെ ഒരു തീരുമാനം എടുക്കണം. 

ബർന്നബാസ്സ് ഇങ്ങനെ പ്രബോധിച്ചപ്പോൾ പുരുഷാരം കർത്താവിനോട് ചേർന്നു സഭ പിന്നെയും വളർന്നു (പ്രവൃത്തികൾ 11:24). സഭ അങ്ങനെ വളർന്നപ്പോൾ അവൻ ചെന്ന് പൗലോസ് അപ്പൊസ്തലനെ കൂട്ടികൊണ്ട് വന്ന് ഒരു വർഷം നീണ്ടു നിൽക്കുന്ന ഒരു ഉപദേശ ശുശ്രൂഷ ആരംഭിച്ചു (പ്രവൃത്തികൾ 11:25-26). ഈ വചന പഠന ശുശ്രൂഷയുടെ അനന്തരഫലമായിട്ട് അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ആദ്യമായി ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി (പ്രവൃത്തികൾ 11:26). 

“ക്രിസ്ത്യാനി” എന്ന്  പേര് സഭ കണ്ടുപിടിച്ചതല്ല, ദൈവം അവർക്കു കൊടുത്തതുമല്ല. പകരം ക്രിസ്ത്യാനി എന്നുള്ള പേര് ലോകം ആദിമ സഭയെ നോക്കി വിളിച്ച പേരാണ്. ക്രിസ്ത്യാനി എന്നുള്ള യവന വാക്കിന്റെ അർത്ഥം ‘ഒരു ചെറിയ ക്രിസ്തു’ എന്നാണ്. അതായത് ഇവർ പ്രസംഗിക്കുന്ന ക്രിസ്തുവിനെ ഇവരുടെ ജീവിതത്തിൽ കാണാൻ പറ്റുന്നത് കൊണ്ട് ഇവർ ക്രിസ്തുവിന്റെ ശരിയായ അനുയായികളാണെന്നാണ് ലോകം ഇവരെ ക്രിസ്ത്യാനികൾ എന്ന് വിളിച്ചതിന്റെ പൊരുൾ.

ക്രിസ്തുവിന്റെ ശിഷ്യന്മാരെ അക്കാലത്ത്  “മാർഗ്ഗം” എന്ന ഒരു സംഘ പേര് കൊണ്ടാണ് സാധാരണ അറിഞ്ഞിരുന്നത് (പ്രവൃത്തികൾ 9:2; 19:9, 23; 22:4; 24:14, 22). എന്നാൽ അന്ത്യൊക്ക്യയിലെ ഈ വചന ഉപദേശ ശുശ്രൂഷ നിമിത്തം ശിഷ്യന്മാരെ ലോകം ക്രിസ്ത്യാനികൾ എന്ന് വിളിക്കുവാൻ ഇടയായി. യഥാർത്ഥ ഉപദേശ ശുശ്രൂഷയുടെ ഫലം എപ്പോഴും അത് കേൾവിക്കാരിൽ ക്രിസ്തുവിന്റെ അനിരൂപത വളർത്തുന്നു എന്നതാണ്. അല്ലാതെ തിരുവെഴുത്തുകൾ കാണാപ്പാഠമാക്കി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം വാങ്ങിക്കുന്നതിലല്ല. പുസ്തകത്തിലുള്ള പാണ്ഡിത്യമല്ല തന്റെ സ്വഭാവത്തിൽ ക്രിസ്തു വിളങ്ങണം എന്നതാണ് വചന പഠനത്തിൽ ഒരു ശിഷ്യന്റെ ലക്‌ഷ്യം. 

വചന പഠനം നിമിത്തം നമ്മുടെ ജീവിതത്തിൽ യേശുക്രിസ്തുവിന്റെ സ്വാധീനവും അവന്റെ സൗരഭ്യവും ഈ രീതിയിൽ വെളിപ്പെട്ടുവരണമെങ്കിൽ വചന പഠനത്തിനു മുന്നോടിയായി എന്ത് വേണം? അന്ത്യൊക്ക്യയിലെ വിശ്വാസികളെ പോലെ നാമും കർത്താവിനോട് പറ്റിച്ചേർന്നിരിക്കുവാൻ നമ്മുടെ ഹൃദയത്തിൽ ഒരു തീരുമാനമെടുക്കണം. 

മറ്റു വിഷയങ്ങൾ പഠിക്കുമ്പോൾ എനിക്ക് അതിലെ ഉപജ്ഞാതാക്കളുമായി ഒരു വ്യക്തിബന്ധവും ആവശ്യമില്ല. എന്നാൽ വചനം പഠിച്ചു വളരണമെങ്കിൽ ദൈവവുമായിട്ട് എനിക്ക് വ്യക്തിബന്ധം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടാണ് ബൈബിൾ സ്റ്റഡിയിൽ ബുദ്ധിപരവും മാനസികപരവുമായ ഒരുക്കത്തേക്കാളെല്ലാം അധികം പ്രാധാന്യം ആത്മീയ ഒരുക്കത്തിനുള്ളത്. 

വചന പഠനത്തിനു മുന്നോടിയായി ദൈവവുമായുള്ള നമ്മുടെ വ്യക്തിബന്ധത്തിൽ നാം പ്രതിബദ്ധതയുള്ളവരായിരിക്കണം. ദൈവം ഒരു സങ്കല്പമല്ല, വെറും ഒരു ശക്തിയല്ല, പകരം ദൈവം ഒരു വ്യക്തിയാണെന്ന പൂർണ്ണബോധ്യത്തോടെ, രക്ഷിക്കപ്പെട്ട് നാം കടന്നു വന്നിരിക്കുന്ന അവനോടുള്ള ഈ സ്നേഹബന്ധത്തിൽ നാം നീതിപുലർത്തണം. 

അങ്ങനെ ഒന്നാമതായിട്ട് ദൈവവുമായിട്ടുള്ള നമ്മുടെ ബന്ധത്തിൽ നാം പ്രതിബദ്ധരായിരിക്കുവാൻ തീരുമാനിച്ച ശേഷം രണ്ടാമതായിട്ട് നാം ഇവിടെ വായിക്കുന്നു ബർന്നബാസ്സ് അന്ത്യൊക്ക്യയിൽ എത്തി ആ സഭയിൽ “ദൈവകൃപ കണ്ടു സന്തോഷിച്ചു” (പ്രവൃത്തികൾ 11:23). വിജാതിയർ രക്ഷിക്കപ്പെട്ടതു കണ്ടു സന്തോഷിച്ചെന്നല്ല പകരം ദൈവത്തിന്റെ കൃപ പ്രവർത്തിച്ചത് കണ്ടു അവൻ സന്തോഷിച്ചു എന്നത്രേ നാം വായിക്കുന്നത്. ക്രിസ്തീയ ജീവിതത്തിൽ വളരണമെങ്കിൽ രണ്ടാമതായി നമുക്ക് വേണ്ടത് ദൈവകൃപയിൽ നാം ആശ്രയിക്കണം. 

ദൈവകൃപക്ക് പകരം നമുക്ക് സ്വയത്തിൽ ആശ്രയിച്ചു മതപരമായ ഒരു ഭക്തിയുടെ പ്രതീതി സൃഷ്ടിക്കുവാൻ സാധിക്കും. നമ്മുടെ സ്വന്തം കുറെ കല്പനകൾ പാലിച്ചും സ്വയനീതിയിൽ സന്തോഷിച്ചും നമുക്ക് നമ്മെ തന്നെ കബിളിപ്പിക്കാം എന്നാൽ നിയമവാദത്തിന്റെ ഈ വഴിയിൽ നാം ആത്മീയരാകുന്നത് അസാധ്യം തന്നെ. 

കർത്താവിനോട് പറ്റിച്ചേർന്നിരിക്കുക എന്നു പറയുമ്പോൾ അവന്റെ കൃപയിൽ മാത്രം ആശ്രയിക്കണം എന്നും അർത്ഥമാക്കുന്നുണ്ട്. വചന പഠനത്തിനായി നാം ഒരുങ്ങുമ്പോൾ, ദൈവവുമായിട്ടുള്ള നമ്മുടെ ബന്ധത്തിൽ രണ്ടാമതായിട്ട് നമുക്ക് നമ്മുടെ ജഡത്തിലോ, ശക്തിയിലോ, ബുദ്ധിയിലോ, മാനുഷികമായ യാതൊന്നിലും നാം ആശ്രയിക്കുകയില്ലയെന്നും പകരം ദൈവകൃപ ഒന്നിൽ മാത്രം ആശ്രയിക്കുമെന്ന് തീരുമാനമെടുക്കാം.

സഹോദരങ്ങളും ഞാനുമായുള്ള ബന്ധം

ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു. ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ” 1 പത്രൊസ് 2:1-3. 

കെടാത്തതും ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ നിങ്ങൾ വീണ്ടും ജനനം പ്രാപിച്ചിരിക്കുന്നതിനാൽ (1 പത്രോസ് 1:23), ഇപ്പോൾ ജനിച്ച ശിശുക്കളെ പോലെ രക്ഷയിൽ വളർന്നു വരുവാൻ വചനമെന്ന മായമില്ലാത്ത പാല് കുടിപ്പാൻ വഞ്ചിക്കണമെന്ന് പത്രോസ് പുതുവിശ്വാസികളെ പ്രബോധിപ്പിക്കുന്നു (1 പത്രൊസ് 2:1-3). എന്നാൽ വചനം എന്ന പാൽ പാനം ചെയ്യുന്നതിന് മുന്നോടിയായി നമ്മുടെ സഹോദരബന്ധത്തിൽ കടന്നു വരുന്ന അഞ്ചുതരം പാപങ്ങൾ നാം ആദ്യം നീക്കി കളയണം എന്നും പത്രോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. വചന പഠനത്തിന് മുന്നോടിയായി നമ്മുടെ സഹോദരബന്ധത്തിൽ നാം നീക്കി കളയേണ്ട അഞ്ചു പാപങ്ങൾ ഇവയാണ്:

  1. സകല ദുഷ്ടതയും: സഹോദരങ്ങൾക്കെതിരെ ദോഷം നിരൂപിക്കുന്നതും പ്രവർത്തിക്കുന്നതും നീക്കിക്കളയണം. എല്ലാ കയ്പ്പും വെറുപ്പും വിദ്വേഷവും നാം വിട്ടുകളയണം. സഹോദര സ്നേഹത്തിൽ ജീവിക്കണം എന്ന് സാരം.
  2. എല്ലാ ചതിവും: വ്യാജത്തിലും ഉപായത്തിലുമുള്ള പെരുമാറ്റം നീക്കിക്കളയണം. അന്യോന്യം ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവരായിരിക്കണം. 
  3. വ്യാജഭാവങ്ങളും: ഇനി പറഞ്ഞിരിക്കുന്ന മൂന്നു പാപങ്ങളും ബഹുവചനത്തിലാണ് മൂലഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാജഭാവം കൊണ്ട് കപടതയെ സൂചിപ്പിക്കുന്നു. തിരുവെഴുത്തുകളിൽ കപടഭക്തി എന്ന വാക്കിന്റെ മൂലഭാഷയിലെ പദം ‘നടനം’ അല്ലെങ്കിൽ ‘അഭിനയം’ എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. എല്ലാ അഭിനയവും കപടതയും വെടിഞ്ഞ് നാം വാസ്തവത്തിൽ സഹോദര സ്നേഹമുള്ളവരായി നമ്മുടെ എല്ലാ  ബന്ധങ്ങളും  ഇടപാടുകളും സുതാര്യതയുള്ളതായിരിക്കണം. 
  4. അസൂയകളും: സഹോദരന്റെ നന്മയിലും വളർച്ചയിലും അസഹ്യതയും കണ്ണുകടിയും തോന്നുന്നതിനെയാണ് അസൂയ എന്ന് പറയുന്നത്. സഹോദര സ്നേഹമില്ലാത്ത സ്വാർത്ഥ ഹൃദയങ്ങളിലാണ്  അസൂയ കടന്നുവരുന്നത്. അതിനാൽ നാം സ്വാർത്ഥത വെടിഞ്ഞ് സഹോദരങ്ങളുടെ ഉന്നമനത്തിൽ ദൈവം ചെയ്യുന്ന നന്മ കണ്ട് സന്തോഷിക്കുന്നവരായിരിക്കണം.
  5. എല്ലാ നുണകളും: നുണയും ബഹുവചനത്തിൽ സൂചിപ്പിച്ചിരിക്കുന്നതിന്റെ കാരണം നുണകളും പലതരത്തിലുണ്ട്. അധരങ്ങൾ കൊണ്ടും അധരങ്ങൾ കൂടാതെ മൗനമായിട്ട് ആന്തരിക ഭാവങ്ങൾ കൊണ്ടും നമുക്ക് നുണ പറയുവാൻ സാധിക്കും (പ്രവൃത്തികൾ 5:1-11). ക്രിസ്തു ശിഷ്യന്മാർ ദൈവത്തെക്കുറിച്ചും മറ്റു മനുഷ്യരെക്കുറിച്ചും നമ്മെക്കുറിച്ചുമുള്ള സത്യത്തെ സ്നേഹിക്കുകയും സാക്ഷീകരിക്കുന്നവരുമായിരിക്കണം.

ഉപസംഹാരം

വചന പഠനത്തിനു മുന്നോടിയായി നമ്മുടെ ആത്മീയ ഒരുക്കത്തെ സൂചിപ്പിക്കുന്ന മൂന്ന് ക്രമീകരണങ്ങൾ നാം ധ്യാനിച്ചു.

ഒന്നാമതായി, നാം യേശുക്രിസ്തുവിനോട് പറ്റിച്ചേർന്നിരിക്കുവാൻ ഹൃദയനിർണയത്തോടെ ഒരു തീരുമാനം എടുക്കണം.

രണ്ടാമതായി, ക്രിസ്തീയ ജീവിതത്തിൽ വളർച്ച പ്രാപിക്കുവാൻ ദൈവകൃപ ഒന്നിൽ മാത്രം ആശ്രയിക്കുവാൻ നാം തീരുമാനിക്കണം.

മൂന്നാമതായി, സഹോദര സ്നേഹത്തിന് ചേർന്നു പോകാത്ത അഞ്ചുപാപങ്ങൾ വിട്ടുകളയുവാൻ നാം തീരുമാനിക്കണം.